ഈമാനും ഇസ്ലാമും ഒന്നാണോ എന്ന വിഷയത്തില് നാളിതു വരെയുള്ള മുസ്ലിം സമൂഹത്തിനിടയില് മുന്നു അഭിപ്രായങ്ങളാണ് ഉള്ളത്.
ഒന്ന് - ഈമാനും ഇസ്ലാമും ഒന്നാണ്.
രണ്ട് - ഈമാനും ഇസ്ലാമും രണ്ടാണ്.
മൂന്ന് - ഈമാനും ഇസ്ലാമും ഒന്നിച്ച് പരാമർശിക്കപ്പെട്ടാല്രണ്ടാണ്. വെവ്വേറെ ഇടങ്ങളിലാണ് പരാമർശിക്കപ്പെടുന്നതെങ്കില് ഒന്നാണ്.
ഈ മൂന്ന് അഭിപ്രായങ്ങളെയും അവരവരുടെ ന്യായങ്ങള് വെച്ച് വിലയിരുത്താം നമുക്ക്.
ഈമാനും ഇസ്ലാമും ഒന്നാണെന്നു പറഞ്ഞവരുടെ ന്യായങ്ങള്
ഈമാനും ഇസ്ലാമും പര്യായ പദങ്ങളാണ് എന്നു അഭിപ്രായപ്പെട്ടവരി ല്പ്രമുഖനാണ് ഇമാം ബുഖാരി(റ). ഇമാം ബുഖാരിക്കൊപ്പം സലഫുകളില് പെട്ട ചിലരും ഈ അഭിപ്രയമാണ് പ്രകടിപ്പിച്ചത്. നബി(സ)യുടെ അടുക്കല് ഒരിക്കല് ജിബ്രീല്(അ) വന്നു കൊണ്ട് ഇസ്ലാം, ഈമാന്, ഇഹ്സാന് എന്നിവ എന്താണെന്നു ചോദിക്കുകയും, ജിബ്രീല്(അ) മടങ്ങിപ്പോയപ്പോള് നിങ്ങളെ ദീന് പഠിപ്പിക്കാനാണ് ജിബ്രീല്(അ) വന്നതെന്ന് നബി(സ) പറയുകയും ചെയ്തു. ഇവിടെ ഇസ്ലാം, ഈമാന്, ഇഹ്സാന് എന്നിവ എല്ലാം ദീനിന്റെ ഭാഗമായിട്ടാണ് നബി(സ) എണ്ണിയത്. ദീന് എന്നാല് അത് ഇസ്ലാമാണ്. അതിനാല് ഈമാനും ഇസ്ലാമും എല്ലാം ഒന്നാണ്. ഇതായിരുന്നു ഇമാം ബുഖാരി(റ)വിന്റെ വാദം.
അല്ലാഹു ഖുര്ആനില് ജനങ്ങളെ ക്ഷണിച്ച ഈമാന് ഇസ്ലാം തന്നെയാണെന്ന് വാദിക്കുന്ന ഈ വിഭാഗത്തിന്റെ ഏറ്റവും വലിയ തെളിവ് ഈമാനിന്റെയും ഇസ്ലാമിന്റെയും വിപരീത പദമായി പ്രയോഗിക്കുന്നത് കുഫ്റ് എന്ന ഒരു പദമാണ് എന്നതാണ്. ഈമാനും ഇസ്ലാമും ഒന്നല്ലെങ്കില് ഒരേ പദം വിപരീത പദമായി വരാന് പറ്റില്ല എന്നതാണ് അതിന്റെ ന്യായം.
'ഇന്നേ ദിവസം നിങ്ങള്ക്ക് നിങ്ങളുടെ ദീനിനെ ഞാന് പൂര്ത്തീകരിച്ചു തന്നിരിക്കുന്നു. എന്റെ അനുഗ്രഹത്തെ നിങ്ങള്ക്കുമേല് ഞാന് സന്പൂര്ണ്ണമാക്കിയിരിക്കുന്നു. മതമായി നിങ്ങള്ക്കു ഞാന് ഇസ്ലാമിനെ തൃപ്തിപ്പെട്ടിരിക്കുന്നു' (അല് മാഇദ-3) 'നിങ്ങള് മുസ്ലിമായിട്ടല്ലാതെ മരിക്കരുത്' (അല് ബഖറ-132) തുടങ്ങിയ ആയത്തുകളും ഇവര് ഇതിന് തെളിവായി ഉദ്ധരിച്ചു.
ഈമാനും ഇസ്ലാമും രണ്ടാണെന്നു പറഞ്ഞവരുടെ ന്യായങ്ങള്
ഇമാം സുഹ് രി(റ), ഹമ്മാദ് ഇബ്നു സൈദ്(റ), ഇമാം അഹ്മദ്(റ) തുടങ്ങി ഒരു വിഭാഗം സലഫുസ്സാലിഹീങ്ങളും, ഇബ്നു അബ്ബാസ്(റ), ഹസന്(റ), മുഹമ്മദ് ഇബനു സീരീന്(റ) തുടങ്ങിയ സഹാബാക്കളിലെയും താബിഉകളിലെയും വലിയ ഒരു വിഭാഗവും ഈമാനും ഇസ്ലാമും രണ്ടാണെന്നു വാദിച്ചു.
ഇവര്ക്ക് ഏറ്റവും വലിയ തെളിവ്, ഹുജുറാത്ത് സൂറത്തിലെ ആയത്താണ്; 'അഅറാബികള് പറഞ്ഞു, ഞങ്ങള് മുഅ്മിനുകളായിരിക്കുന്നു. നബിയേ, താങ്കള് അവരോടു പറയുക, നിങ്ങള് മുഅമിനുകളായിട്ടില്ല. വേണമെങ്കില് അസ്ലംനാ, അഥവാ ഞങ്ങള് മുസ്ലിംകളായിരിക്കുന്നു എന്നു പറഞ്ഞു കൊള്ളുക' (ഹുജുറാത്ത് - 14).
ഈ ആയത്ത് അതിന്റെ പ്രത്യക്ഷത്തില് തന്നെ ഈമാന്, ഇസ്ലാം എന്നിവ രണ്ടും രണ്ട് ആശയങ്ങളാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്, ഇസ്ലാമും ഈമാനും ഒന്നാണെന്നു പറയുന്നവര് ഈ ആയത്തിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. നബി(സ)യുടെ അടുക്കല് വന്ന ആ അഅറാബികള് മുനാഫിഖുകളായിരുന്നു. മുനാഫിഖ് ഇസ്ലാമിനു പുറത്താണ്. അതിനാല് അവന് ഈമാനിനും പുറത്താണ്. എന്നാല്, നബി(സ)ക്കു മുന്നില് തങ്ങള് കീഴടങ്ങിയിരിക്കുന്നു എന്നു വേണമെങ്കില് പറയാം. ഇവിടെ അസ്ലംനാ എന്നാല് ഇസ്ലാം മതം സ്വീകരിച്ചു എന്നല്ല, മറിച്ച് അതിന്റെ ഭാഷാര്ത്ഥമായ കീഴടങ്ങി എന്നു മാത്രമാണ് അര്ത്ഥം.
എന്നാല്, ഈ വിശദീകരണം അംഗീകരിക്കാന് ഈമാനും ഇസ്ലാമും രണ്ടാണെന്നു പറയുന്നവര് തയ്യാറാവില്ല. ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് മുനാഫിഖുകളായിരുന്നെങ്കില്, അവരോട് അസ്ലംനാ എന്നു പറയാനല്ല പറയുക. മറിച്ച്, അവര് പറഞ്ഞത് കളവാണെന്ന് തുറന്നു പറയുമായിരുന്നു. സൂറതുല് മുനാഫിഖൂനില് മുനാഫിഖുകള് വന്ന് നബി(സ)യോട് താങ്കള് അല്ലാഹുവിന്റെ റസൂലാണ് എന്ന് ഞങ്ങള് സാക്ഷ്യം വഹിക്കുന്നു എന്നു പറഞ്ഞപ്പോള്, അവര് പറഞ്ഞത് കളവാണ് എന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു എന്ന ഖുര്ആന് വാക്യം (അല് മുനാഫിഖൂന് - 1) അവര് അതിനു തെളിവായി ഉദ്ധരിക്കുന്നു.
മാത്രമല്ല, ഈ ആയത്തിന്റെ മുന്പും പിന്പും പരിശോധിച്ചാലും ഇവിടെ ഉദ്ദേശിച്ചത് മുനാഫിഖുകളെയല്ല എന്നു വ്യക്തമാകുമെന്നും ഈ വിഭാഗം വിശദീകരിക്കുന്നു. ഇതിന്റെ മുന്പ് പറയുന്നത് ഹറാമായ കാര്യങ്ങള് ഉപേക്ഷിക്കുവാനും ദോഷം ചെയ്യുന്നവര്ക്കുള്ള ശിക്ഷകളെക് കുറിച്ചുമാണ്. അതില് മുനാഫിഖുകളെ കുറിച്ച് പരാമര്ശിക്കുന്നില്ല. അതിനു ശേഷം അല്ലാഹു അഅറാബികളോട് പറയുന്നു, നിങ്ങള് അല്ലാഹുവിനും റസൂലിനും വഴിപ്പെട്ടാല് നിങ്ങളുടെ അമലുകളില് ഒന്നു പോലും അല്ലാഹു കുറവു വരുത്തുകയില്ല.... മുനാഫിഖുകളാണെങ്കില് അവരുടെ അമലുകള് ഒരു കാലത്തും ഉപകാരപ്പെടില്ലല്ലോ.
മാത്രമല്ല, ഈ ആയത്തിന്റെ തുടര്ച്ചയായി അല്ലാഹു പറയുന്നുണ്ട്, മുഅ്മിനീങ്ങള് എന്നാല്, അല്ലാഹുവിലും റസൂലിലും വിശ്വസിച്ചതിനു ശേഷം സംശയം ഉണ്ടാവാത്തവരാണ്. ഇവരാണ് ഈമാന് പൂര്ത്തീകരിച്ചവര്. നിങ്ങളുടെ ഈമാന് പൂര്ണ്ണമല്ല. അതു കൊണ്ട് മുസ്ലിംകളായി എന്നു വേണമെങ്കില് പറയാം. അതാണ് ഈ ആയത്തിന്റെ വിശദീകരണമെന്ന് ഈ വിഭാഗം പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു.
ഈ വാദത്തിനു തെളിവായ് ധാരാളം ആയത്തുകളും ഹദീസുകളും ഇവര് വിവരിക്കുന്നുണ്ട്.
1- നേരത്തെ ഉദ്ധരിച്ച, ജിബ്രീല്(അ) ദീന് പഠിപ്പിക്കാനായി വന്ന ആ ഹദീസില് ഇസ്ലാമിനെയും ഈമാനിനെയും രണ്ടായിട്ടാണ് എണ്ണിയത്. ദീനില് പെട്ട, എന്നാല് വ്യത്യസ്തമായ രണ്ട് ആശയങ്ങളാണ് ഇസ്ലാമും ഈമാനും എന്ന് ഇവര് വിശദീകരിക്കുന്നു.
2- സഅദ് ബിനു അബീ വഖാസില് നിന്നു നിവേദനം ചെയ്യപ്പെടുന്ന ഒരു ഹദീസുണ്ട്. നബി(സ) ഒരാള്ക്ക് ചിലതു നല്കി. മറ്റൊരാള്ക്ക് ഒന്നും നല്കിയില്ല. സഹാബത്ത് പറഞ്ഞു; 'അയാള്ക്ക് എന്താണ് നല്കാത്തത്. അയാള് മുഅ്മിനാണല്ലോ?' നബി(സ) ചോദിച്ചു; 'അതോ മുസ്ലിമോ?'. ആ ചോദ്യം നബി(സ) മൂന്നു പ്രാവശ്യം ആവര്ത്തിച്ചു. മുഅമിനും മുസ്ലിമും രണ്ടാണെന്ന് ഇതില് നിന്നു വ്യക്തം.
3- സൂറത്ത് അഹ്സാബില് അല്ലാഹു പറയുന്നു; 'നിശ്ചയം മുസ്ലിം പുരുഷന്മാരും മുസ്ലിം സ്ത്രീകളും മുഅമിന് പുരുഷന്മാരും മുഅമിന് സ്ത്രീകളും...' (അഹ്സാബ് 35). ഒന്നിനെ മറ്റൊന്നിലേക്ക് ചേര്ത്തിപ്പറയണമെങ്കില് രണ്ടും രണ്ടാവണമെന്ന അറബി വ്യാകരണ നിയമ പ്രകാരം മുഅ്മിനും മുസ്ലിമും രണ്ടാണെന്ന് ഈ ആയത്തില് നിന്നു മനസ്സിലാക്കാം.
4- ലൂഥ് നബി(അ)മിന്റെ സമുദായത്തെ കുറിച്ച് പറഞ്ഞ ഇടത്ത് അല്ലാഹു പറയുന്നു; 'അവിടെ ഉണ്ടായിരുന്ന മുഅ്മിനുകളെയെല്ലാം നാം അവിടെ നിന്ന് പുറത്തു കൊണ്ടു വന്നു. അവിടെ മുസ്ലിംകളുടെ ഒരു വീടല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല' (അദ്ദാരിയാത് - 35,36). അവിടെ ഉണ്ടായിരുന്നതായി അല്ലാഹു ഉദ്ദേശിച്ചത്, ലൂഥ് നബി(അ)യുടെ വീടാണ്. അതിലുണ്ടായിരുന്നത് ലൂഥ് നബി(അ)യുടെ ഭാര്യയുമായിരുന്നു. പ്രത്യക്ഷത്തില്, ഇസ്ലാമാണെങ്കിലും മുഅ്മിനുകളുടെ കൂട്ടത്തില് അവര് പെടുന്നില്ല. ഇവിടെയും മുഅ്മിനും മുസ്ലിമും രണ്ടായിട്ടാണ് ഖുര്ആന് വിശദീകരിച്ചത്.
ഇങ്ങനെ ധാരാളം തെളിവുകള് ഈ വിഭാഗം പണ്ഡിതന്മാര് നിരത്തുന്നുണ്ട്. വളരെ വിരുദ്ധവും എന്നാല് ശക്തമായ തെളിവുകളുടെ പിന്ബലം ഉള്ളതുമാണ് രണ്ടു വാദങ്ങളും എന്നതിനാല് ഭൂരിപക്ഷം പണ്ഡിതന്മാരും മൂന്നാമത്തെ അഭിപ്രായത്തെയാണ് പിന്താങ്ങുന്നത്. രണ്ടും ഒന്നാണ്. എന്നാല് രണ്ടും രണ്ടാണു താനും.
അതായത്, ദീനിനെ മൊത്തത്തില് ഉദ്ദേശിച്ചിട്ടാണ് ഇസ്ലാം എന്നു പറയുന്നത് എങ്കില് ഈമാനും അതില് ഉള്പെട്ടിരിക്കുന്നു. അതിനാല് അതിന്റെ വിപരീതമായി കുഫ്റിനെ ഉപയോഗിക്കാവുന്നതാണ്. അതല്ല, ദീനിന്റെ ഭാഗമായി നബി(സ)യുടെ അടുക്കല് ജിബ്രീല്(അ) വന്നു പഠിപ്പിച്ച അഞ്ചു കാര്യങ്ങളെയാണ് ഉദ്ദേശിക്കുന്നതെങ്കില് ഈമാനും ഇസ്ലാമും രണ്ടാണ്. അതിനാലാണ് ഇസ്ലാം കാര്യം അഞ്ചാണ്, ഈമാന് കാര്യം ആറാണ് എന്നെല്ലാം പണ്ടിത സഭകള് മദ്രസകളിലൂടെ നമ്മെ പഠിപ്പിച്ചത്.
ഇതേ കാര്യമാണ് ഹസ്രത്ത് സുല്ത്താന് ശാഹ് ഖാദിരി ജനങ്ങളെ പഠിപ്പിച്ചത്. സാധാരണ പോലെ ഒരു മുസ്ലിം കുടുംബത്തില് ജനിച്ചു വളര്ന്നതു കൊണ്ടു മാത്രം യത്ഥാര്ത്ഥമായ ഈമാന് കിട്ടില്ല. യഥാര്ത്ഥ മുഅ്മിന് എന്നു പറയാനും പറ്റില്ല. 'അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരു നഫ്സിനും മുഅ്മിനാവാന് കഴിയില്ല' (യൂനുസ്-100) എന്നത് ഖുര്ആനിന്റെ തന്നെ പച്ചയായ പ്രസ്താവമാണ്. ആര്ക്കും നിഷേധിക്കാനാവില്ല.
എന്നാല്, സ്വാര്ത്ഥ താല്പര്യക്കാരായ സംഘടനാ നേതാക്കള്, സാഹചര്യങ്ങള്ക്കനുസരിച്ച് നിറം മാറാനുള്ള കഴിവില് ഓന്തിനെ തോല്പിച്ചവര്, ജനങ്ങളെ വിഡ്ഢികളാക്കാനാണ് ശ്രമിക്കുന്നത്. ഇസ്ലാമും ഈമാനും രണ്ടാണെന്ന് മദ്രസകളിലൂടെ ജനങ്ങളെ പഠിപ്പിക്കുന്പോള്, സ്റ്റേജ് കെട്ടിയിട്ട് അതു രണ്ടും ഒന്നാണെന്നു പറയാന് അവര്ക്കു മടിയില്ല. ഈയാള് മുഅ്മിനല്ലേ, ആയാള് മുഅ്മിനല്ലേ എന്നതെല്ലാമാണ് അവര്ക്കു പരിഹസിച്ചു കൊണ്ട് ചോദിക്കുവാനുള്ളത്. അവര് പരിഹസിക്കുന്നത്, അല്ലാഹുവിന്റെ അനുവാദമില്ലാതെ ഒരാള്ക്കും മുഅ്മിനാവാന് കഴിയില്ല എന്ന അല്ലാഹുവിന്റെ വാക്കിനെ തന്നെയാണെന്ന് അവര് മനസ്സിലാക്കിയിരുന്നെങ്കില് എന്ന് നമുക്ക് ആഗ്രഹിക്കാനേ കഴിയൂ. ബുദ്ധിയില്ലായ്മ ഒരു കുറ്റമല്ലല്ലോ.... ബുദ്ധി ഉണ്ടായിട്ടും കണ്ണടച്ച് ഇരുട്ടാക്കാന് ശ്രമിക്കുന്നത് അല്ലാഹു പൊറുക്കാത്ത അപരാധമാണ്.
സ്നേഹത്തോടെ,
മുഹമ്മദ് ശാഫി
No comments:
Post a Comment