നഫ്സിന്റെ അവസ്ഥകളെ കുറിച്ചും അതില്‍ പുരോഗതി കൈവരിച്ച് അല്ലാഹു ഇഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നതിനും എങ്ങനെ സാധ്യമാകുമെന്ന് ഒരു സുഹൃത്ത് ചോദിക്കുകയുണ്ടായി. അതിനാല്‍ തന്നെ ഈ ബ്ലോഗില്‍ അതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. നമ്മുടെ ഹൃദയങ്ങളില്‍ അല്ലാഹുവിലേക്കുള്ള ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ ഇതു കാരണമാകട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
മനുഷ്യനില്‍ നാലു തരം സ്വഭാവഗുണങ്ങളുണ്ട്:
1-അല്ലാഹുവിന്റേതായ സ്വഭാവങ്ങള്‍. സ്തുതിക്കപ്പെടുവാനും പ്രശംസിക്കപ്പെടുവാനുമുള്ള മോഹം, പ്രതാപം, സ്വേഛാധിപത്യം തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
2-അടിമയുടോതായ സ്വഭാവ ഗുണങ്ങള്‍. വിനയം, താഴ്മ, ഭക്തി, ഭയം, കാരുണ്യം, സ്നേഹം തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്.
3-മൃഗങ്ങളുടേതായ സ്വഭാവഗുണങ്ങള്‍. തീറ്റ, കുടി, ഉറക്കം, ലൈംഗികത മുതലായവ ഇതിന്റെ ഉദാഹരണങ്ങളാണ്.
4-പൈശാചികമായ സ്വഭാവഗുണങ്ങള്‍. കളവു പറയല്‍, ചതി, വഞ്ചന, അഹങ്കാരം, ധിക്കരം മുതലായവ ഇതിനുദാഹരണങ്ങളാണ്.
അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു അടിമക്കു വേണ്ടത് അല്ലാഹുവിന്റേതും പിശാചിന്റേതുമായ സ്വഭാവങ്ങളില്‍ നിന്ന് അകന്നുനിന്ന്, മൃഗങ്ങളുടെ സ്വഭാവങ്ങളെ മുഖ്യമായി കാണാതെ അടിമയുടെ ഗുണങ്ങളെ പൂര്‍ണ്ണമായും സ്വായത്തമാക്കുക എന്നതാണ്. അതിലൂടെ മനുഷ്യന് സ്വന്തം നഫ്സിനെ സംസ്കരിച്ചെടുക്കാന്‍ കഴിയുന്നു. അല്ലാഹു പറഞ്ഞു: “നഫ്സിനെയും അതിനെ ശരിപ്പെടുത്തിയതിനെയും തന്നെ സത്യം. എന്നിട്ട് അവന്(അല്ലാഹു) അതിന് അതിന്റെ തെമ്മാടിത്തത്തെയും ഭക്തിയെയും അറിയിച്ചുകൊടുത്തു. അതിനെ സംസ്കരിച്ചവന്‍ നിശ്ചയം വിജയിച്ചിരിക്കുന്നു. അതിനെ അവഗണിച്ചവന് നിശ്ചയം പരാജയപ്പെടുകയും ചെയ്തിരിക്കുന്നു” (സൂറതുശ്ശംസ്: 7-10).
മനുഷ്യര്‍ അവരുടെ മനക്കരുത്തിന്റെയും അവര്‍ നടത്തിയ ആത്മസംസ്കരണത്തിന്റെയും അടിസ്ഥാനത്തില്‍ പല സ്ഥാനങ്ങളിലാണ്. ഒരു ഹദീസില്‍ ഇപ്രകാരം കാണാം: “മനുഷ്യനെ അല്ലാഹു വിവേകത്തോടെയും വികാരത്തോടെയും സൃഷ്ടിച്ചു. മലക്കുകളെ വികാരമില്ലാതെ വിവേകത്തോടെയും, മൃഗങ്ങളെ വിവേകമില്ലാതെ വികാരത്തോടെയും സൃഷ്ടിച്ചു. അതിനാല്‍ തന്നെ, അവന്റെ വിവേകം വികാരത്തെ അതിജയിച്ചാല്‍ മലക്കുകളെക്കാള്‍ ഉന്നതനും വികാരം വിവേകത്തെ അതിജയിച്ചാല്‍ മൃഗങ്ങളെക്കാള്‍ നീചനുമായി മാറും അവന്.”
ഗൌസുല്‍ അഅ്ളം ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) മനുഷ്യന്റെ നഫ്സിനെ ഇപ്രകാരം ഏഴു വിഭാഗങ്ങളായി വിശദീകരിച്ചിട്ടുണ്ട്.
1- നഫ്സ് അമ്മാറ
തിന്മ കൊണ്ട് കല്പിക്കുന്ന നഫ്സ് എന്നാണ് ഇതിന്റെ വാക്കര്‍ത്ഥം. കൂടുതലായി തിന്മ ചെയ്യുന്ന പ്രവണത നഫ്സിന്റെ ഈ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഈ അവസ്ഥയിലേക്ക് സൂചിപ്പിച്ചു കൊണ്ടാണ് യൂസുഫ് നബി(അ) പറഞ്ഞത്: “നിശ്ചയം നഫ്സ് തിന്മ കൊണ്ട് കലിപിക്കുന്നതാണ്” (സൂറതു യൂസുഫ്-53). പിശുക്ക്, അലച്ച, മോഹം, കാമം, അസൂയ, അശ്രദ്ധ തുടങ്ങിയവയെല്ലാം ഈ നഫ്സിന്റെ സ്വഭാവങ്ങളാണ്.
2- നഫ്സ് ലവ്വാമ
കൂടുതലായി ആക്ഷേപിക്കുന്ന നഫ്സ് എന്നാണ് ഇതിന്റെ വാക്കര്‍ത്ഥം. തിന്മ ചെയ്യുന്ന പ്രവണത മുന്‍പത്തേതിനെ അപേക്ഷിച്ച് കുറവാണെങ്കിലും പാടെ തിന്മകളില് നിന്ന് മുക്തമല്ല. എന്നാല്‍ തിന്മ ചെയ്താല്‍ ഈ അവസ്ഥയില്‍ വലിയ മനസ്താപം ഉണ്ടാകും. വേണ്ടായിരുന്നുവെന്ന് മനസ്സ് സ്വയം വിമര്‍ശിച്ചു കൊണ്ടിരിക്കും. പിശാചിനെ പിന്തുടര്ന്ന് തെറ്റുകള്‍ ചെയ്തവരോട് നാളെ പിശാച് പറയും: “നിങ്ങള്‍ എന്നെ വിമര്‍ശിക്കേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ സ്വന്തം നഫ്സിനെ വിമര്‍ശിക്കുക” (സൂറതു ഇബ്റാഹീം-22). എന്നാല്‍ അന്നേരം സ്വയം വിമര്‍ശിച്ചതു കൊണ്ട് യാതൊരു ഫലവുമുണ്ടാവില്ല. സ്വയം വിമര്‍ശിക്കല്‍, കൂടുതല്‍ ചിന്തിക്കല്‍, വേണ്ടാത്തതില് നിന്ന് തിരിഞ്ഞുകളയല്‍ മുതലായവ ഇതിന്റെ വിശേഷണങ്ങളാണ്.
3- നഫ്സ് മുല്‍ഹിമ
നല്ലതു ചെയ്യാന്‍ തോന്നിപ്പിക്കുന്ന മനസ്സ് എന്നാണ് ഇതിന്റെ അര്‍ത്ഥം. കൂടുതലായി നന്മകള് ഇവര്‍ സന്തോഷത്തോടെ ചെയ്യും. അമലുകള്‍ ചെയ്യുന്നതില്‍ അലസതയൊന്നും ഇവര്‍ക്കുണ്ടാവില്ല. ദാനം ചെയ്യുന്ന ശീലം, ഉള്ളതു കൊണ്ട് തൃപ്തിപ്പെടല്‍, വിനയം, പശ്ചാത്താപം, ക്ഷമ, സഹനം തുടങ്ങിയവ ഇതിന്റെ സ്വഭാവഗുണങ്ങളാണ്.
4- നഫ്സ് മുഥ്മഇന്ന
ശാന്തത കൈവരിച്ച നഫ്സ് എന്നാണ് ഇതിന്റെ വാക്കര്‍ത്ഥം. അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളിലേക്ക് മനസ്സുകള്‍ പതറാതെ അല്ലാഹുവിന്റെ ദിക്റുകൊണ്ട് ശാന്തമായിരിക്കും ഇവരുടെ മനസ്സ്. “അറിയുക, അല്ലാഹുവിന്റെ ദിക്റ് കൊണ്ട് മനസ്സിന് ശാന്തത ലഭിക്കുന്നു” (സൂറതു റഅ്ദ്- 28). അവരെ വിഷമങ്ങളോ ദുഃഖങ്ങളോ അലട്ടുന്നില്ല. ഉദാരമനസ്കത, എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഭരമേല്പിക്കല്, കൂടുതലായി അല്ലാഹുവിന് ഇബാദത്തും നന്ദിയും ചെയ്യല്‍, സംതൃപ്തി മുതലായവ ഇതിന്റെ ഗുണങ്ങളാണ്.
5- നഫ്സ് റാളിയ
അല്ലാഹുവില്‍ തൃപ്തിപ്പെട്ട നഫ്സ് എന്നാണ് ഇതിന്റെ വാക്കര്‍ത്ഥം. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ എന്തും ഇവര്‍ സന്തോഷത്തോടെ നേരിടും. ദീനിന്റെ പേരില്‍ സഹിക്കേണ്ടി വരുന്ന പ്രയാസങ്ങള്‍ ഇവര്‍ക്ക് പൂമാലകള്‍ക്ക് സമാനമായിരിക്കും. അല്ലാഹുവിനു വേണ്ടി എല്ലാം ത്യജിക്കാനുള്ള മനസ്സ്, ആത്മാര്‍ത്ഥത, സൂക്ഷ്മത, വാക്കുകള്‍ പാലിക്കല്‍, വേണ്ടാത്തതിനെയെല്ലാം ഉപേക്ഷിക്കല്‍ തുടങ്ങിയവ ഇതിന്റെ വിശേഷണങ്ങളാണ്.
6- നഫ്സ് മര്‍ളിയ്യ
അല്ലാഹുവിന്റെ പ്രീതിക്കു വിധേയമായ നഫ്സ് എന്നാണ് ഇതിന്റെ വാക്കര്‍ത്ഥം. അല്ലാഹുവിനോട് അടുത്ത ഇവരെ അല്ലാഹു പരിപൂര്‍ണ്ണമായും സ്നേഹിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: “മുഹാജിറുകളില് നിന്നും അന്സാറുകളില് നിന്നുമായി ദീനിലേക്ക് ആദ്യം വന്നവരും ഇഹ്സാനോടെ അവരെ പിന്തുടര്ന്നവരും. അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു, അവര്‍ അല്ലാഹുവിനെയും. അവര്‍ക്കായി അവന് താഴ്വാരങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗ്ഗങ്ങള്‍ ഒരുക്കിയിരിക്കുന്നു. അതിലവര്‍ ശാശ്വതരായിരിക്കും. അതാണ് മഹത്തായ വിജയം” (സൂറതുത്തൌബ-100). മറ്റൊരിടത്ത് അല്ലാഹു പറയുന്നു: “സത്യസന്ധര്‍ക്ക് അവരുടെ സത്യസന്ധത ഉപകാരം ചെയ്യുന്ന ദിവസാണമിത്. അവര്‍ക്ക് താഴ്വാരങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗ്ഗമുണ്ട്. അതിലവര്‍ ശാശ്വതരായിരിക്കും. അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അല്ലാഹുവിനെയും. അതാണ് വലിയ വിജയം” (അല്‍ മാഇദ-119). സല്‍സ്വഭാവം, അല്ലഹു അല്ലാത്തതിനെയെല്ലാം ഉപേക്ഷിക്കല്‍, ജനങ്ങളോടുള്ള വാത്സല്യം, അല്ലാഹുവിലേക്കുള്ള അടുപ്പം, ചിന്തകളില്‍ മുഴുകല് മുതലായവ ഇതിന്റെ സ്വഭാവങ്ങളാണ്.
7- നഫ്സ് കാമില
പരിപൂര്‍ണ്ണത കൈവരിച്ച നഫ്സ് എന്നാണ് ഇതിന്റെ അര്‍ത്ഥം. നഫ്സിന്റെ മുഥ്മഇന്നായ അവസ്ഥയില്‍ നിന്ന് റാളിയ, മര്‍ളിയ്യ എന്നീ അവസ്ഥകളിലൂടെ മുന്നേറിയവര്‍ എത്തിപ്പെടുന്ന അത്യുന്നതമായ അവസ്ഥയാണിത്. ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞു: “മുഥ്മഇന്നായ നഫ്സേ, നീ നിന്റെ നാഥനിലേക്ക് റാളിയയും മര്ളിയ്യയുമായി മടങ്ങുക. എന്നിട്ട് നീ എന്റെ അടിമകളുടെ കൂട്ടത്തില്‍ പ്രവേശിക്കുക” (സൂറതുല്‍ ഫജ്റ്: 27-30). ഇവിടെ പറയപ്പെട്ട എന്റെ അടിമകള്‍ എന്നതു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് നഫ്സിന്റെ ഈ പരിപൂര്‍ണ്ണത കൈവരിച്ച ആളുകളെയാണ്. മുകളില്‍ പറഞ്ഞ എല്ലാ നല്ല സ്വഭാവങ്ങളും സ്വായത്തമാക്കുകയും എല്ലാ ചീത്ത സ്വഭാവങ്ങളില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തതാണ് ഈ നഫ്സ്.
നഫ്സ് ഈ അവസ്ഥകളിലൂടെയെല്ലാം സഞ്ചരിക്കുന്പോഴും മനുഷ്യന് പാപങ്ങളില്‍ നിന്ന് മുക്തനല്ല. തെറ്റുകള്‍ ആരില്‍ നിന്നും സംഭവിച്ചേക്കാം. എന്നാല്‍, അന്പിയാക്കളെ അല്ലാഹു പാപങ്ങളില്‍ നിന്ന് സംരക്ഷിച്ചിട്ടുണ്ടെന്നും അതിനാല്‍ അവര്‍ മഅ്സൂമീങ്ങള് എന്ന് അറിയപ്പെടുമെന്നും പണ്ഡിതന്മാര് പറഞ്ഞിട്ടുണ്ട്. അതു പോലെത്തന്നെ, അല്ലാഹു തെരഞ്ഞെടുത്ത അവന്റെ ഔലിയാക്കള്‍ക്കും പാപങ്ങളില്‍ നിന്നുള്ള ഈ സംരക്ഷണം ലഭിക്കും. അവര്‍ മഹ്ഫൂളീങ്ങള് എന്നും അറിയപ്പെടും.
നഫ്സിന് അതിന്റെ നിലവിലുള്ള അവസ്ഥയില്‍ നിന്ന് കൂടുതല്‍ ഉന്നതമായ അവസ്ഥയിലേക്ക് എത്തിപ്പെടണമെങ്കില്‍ നമുക്ക് മാര്‍ഗ്ഗദര്‍ശനം നല്കാന് പറ്റുന്ന ഒരു വലിയ്യുമ്മുര്ശിദിനെ ഇഹ്സാനോടെ പിന്‍പറ്റണം. നാം നേരത്തെ സൂചിപ്പിച്ച ആയത്തില്‍ “ഇഹ്സാനോടെ അവരെ പിന്‍പറ്റിയവരും” എന്ന് അല്ലാഹു പറഞ്ഞതിന്റെ അര്‍ത്ഥം ഇഹ്സാനോടെ അവരെ പിന്‍പറ്റണമെന്നു തന്നെയാണല്ലോ.
മുര്ശിദായ ഒരു വലിയ്യിന്റെ സഹായമില്ലാതെ നമുക്കൊരിക്കലും നഫ്സിനെ സംസ്കരിക്കാന്‍ കഴിയില്ല. കാരണം, ശരീരം മണ്ണിനാലും ആത്മാവിനാലും പടക്കപ്പെട്ടതാണ്. അത് ജീവിക്കുന്നതാവട്ടെ മണ്ണിലുമാണ്. മണ്ണ് ഭൌതികമായ കാരയങ്ങളെയും അതിനോടുള്ള മോഹങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. ഇവയ്ക്കിടയില്‍ നിന്ന് ആത്മാവിനെ സംരക്ഷിക്കണമെങ്കില്‍ ആത്മികമായ ഒരു സഹായം ഉണ്ടായേ പറ്റൂ. അതിന്നാണ് അല്ലാഹു കാലാകാലങ്ങളില്‍ അന്പിയാക്കളെ നിയോഗിക്കുകയും നബി(സ)യുടെ ഉമ്മത്തിലെ പ്രവാചകത്വത്തിന്റെ അനന്താരവകാശികളായ പണ്ഡിതന്മാരെ മുന്‍കഴിഞ്ഞ പ്രവാചകന്മാര്ക്കു തുല്യമായ സ്ഥാനത്തേക്ക് ഉയര്‍ത്തിവെക്കുകയും ചെയ്തത്. അവരെ പിന്തുടര്ന്ന് അവരുടെ ഉപദേശങ്ങള്‍ക്കനുസൃതമായി ജീവിതം മാറ്റിയെടുത്താല്‍ നമുക്കും മലക്കുകളെക്കാള്‍ ഉന്നതമായ അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ കഴിയും. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.
6 comments:
Very good explanation.
Thank you
നന്നായിട്ടുണ്ട്. നന്ദിയുണ്ട്.
വിജ്ഞാനപ്രദം. പണ്ഡിതോജിതമായ വിശദീകരണം.
Possibly the BEST paper I have read today?
Leanne ftw???
Great read! Maybe you could do a follow up to this topic..
My regards,
Kaye
Post a Comment