Monday, November 2, 2009

ഇന്നദ്ദീന ഇന്ദല്ലാഹില് ഇസ്‌ലാം...



സത്യം തേടിയുള്ള എന്‍റെ യാത്രയ്ക്കു പ്രധാനമായും കാരണമായത്‌ നബി(സ)യുടെ ഒരു ഹദീസ്‌ ആയിരുന്നു; എന്‍റെ സമുദായം എഴുപത്തിമൂന്നു വിഭാഗങ്ങളായി ഭിന്നിക്കും. അവരെല്ലാം നരകത്തിലാണ്, ഒരു വിഭാഗം ഒഴികെ. സ്വഹാബാക്കള്‍ ചോദിച്ചു; ആരാണ് അവര്‍? നബി(സ) പറഞ്ഞു; ഞാനും എന്‍റെ സഹാബത്തും നടക്കുന്ന വഴിയേ നടക്കുന്നവര്‍. (തിര്‍മിദി, അബു ദാവൂദ്‌, ഇബ്നു മാജ, അഹ്മദ്).

ലോകത്ത് മുസ്‌ലിംകള്‍ പല വിഭാഗമുണ്ട്. സുന്നി, ഷിയാ, മുജാഹിദ്‌, ജമാഅത്ത്, തുടങ്ങി പല തരം. എല്ലാ വിഭാഗങ്ങളും ഈ ഹദീസ്‌ ഉദ്ധരിക്കാറുണ്ട്. തങ്ങള്‍ നബി(സ)യുടെയും സഹാബത്തിന്റെയും വഴിയേ നടക്കുന്നവരും മറ്റുള്ളവര്‍ അതില്‍ നിന്ന് വ്യതിച്ചലിച്ചവരും ആണെന്ന് ഈ വിഭാഗങ്ങള്‍ എല്ലാം വാദിക്കാറുമുണ്ട്. പഠിക്കുന്ന കാലത്ത് എന്നെ പഠിപ്പിച്ചവരും അങ്ങനെ തന്നെ പറഞ്ഞു.
ആരെന്തു പറഞ്ഞാലും രണ്ടു വട്ടം ആലോചിക്കാതെ അപ്പടി വിഴുങ്ങുന്ന സ്വഭാവം എനിക്കില്ലാത്തതിനാല്‍ ഈ ഹദീസിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പഠനത്തിന്റെ ഫലം വളരെ വേദനിപ്പിക്കുന്നതായിരുന്നു. മുസ്‌ലിം സമൂഹം മൊത്തത്തില്‍ നബി(സ)യുടെയും സഹാബത്തിന്റെയും വഴിയേ നടക്കുന്നവരാണ് തങ്ങള്‍ എന്ന് വാദിക്കുന്നുവെങ്കിലും വളരെ തുച്ചമായ ഒരു ശതമാനം മാത്രമാണ് യഥാര്‍ത്ഥത്തില്‍ ആ വഴിയേ നടക്കുന്നുള്ളൂവെന്നത് ആരെയാണ് വേദനിപ്പിക്കാതിരിക്കുക?
നബി(സ)യും സഹാബത്തും നടക്കുന്ന വഴി പരിശുദ്ധ ദീനുല്‍ ഇസ്ലാമാണെന്നതില് ആര്‍ക്കും സന്ദേഹമില്ല. അതിനാല്‍, നമുക്ക് ആദ്യം മനസ്സിലാക്കേണ്ടത് എന്താണ് ദീന്‍ എന്നാണ്. അല്ലാഹുവിങ്കല്‍ ദീന്‍ എന്ന് പറഞ്ഞാല്‍ അത് ഇസ്‌ലാം മാത്രമാണ് (ഖു. ൩-൧൯).
വിശുദ്ധ ദീനുല്‍ ഇസ്ലാമിനെ കുറിച്ച് സഹാബത്തിനെ പഠിപ്പിക്കാന്‍ ഒരിക്കല്‍ ജിബ്രീല്‍(അ) മനുഷ്യ രൂപമെടുത്തു നബി(സ)യുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു ചില ചോദ്യങ്ങള്‍ ചോദിക്കുകയും നബി(സ) മറുപടി കൊടുത്തപ്പോള്‍ "അവിടുന്നു സത്യമാണ് പറഞ്ഞതെ"ന്ന് പറഞ്ഞു അതിനെ അംഗീകരിക്കുകയും ചെയ്തതായി ബുഖാരിയിലും മുസ്ലിമിലും എല്ലാം കാണാം. അതിനാല്‍ തന്നെ ദീനിനെ കുറിച്ചു പഠിക്കാന്‍ ഈ ഹദീസ്‌ എനിക്ക് ഒരു പ്രധാന അവലംബമായിത്തീര്‍ന്നു. ഈ ഹദീസിനെ നമുക്കൊന്ന് വിശകലനം ചെയ്യാം.
ആദ്യമായി ജിബ്രീല്‍(അ) ചോദിച്ചത് എന്താണ് ഇസ്‌ലാം എന്നായിരുന്നു.
നബി(സ) പറഞ്ഞു; അല്ലാഹു അല്ലാതെ ഇലാഹില്ല എന്നും മുഹമ്മദ്‌(സ) അവന്റെ റസൂല്‍ ആണെന്നും നീ സാക്ഷ്യം വഹിക്കുക, നിസ്കാരം നിലനിര്‍ത്തുക, സകാത്ത് കൊടുക്കുക, നോമ്പ് അനുഷ്ഠിക്കുക. ഹജ്ജ്‌ ചെയ്യുക.
ജിബ്രീല്‍(അ) വീണ്ടും ചോദിച്ചു; എന്താണ് ഈമാന്‍?
നബി(സ) പറഞ്ഞു; അല്ലാഹുവിലും മലക്കുകളിലും പ്രവാചകന്മാരിലും കിതാബുകളിലും അന്ത്യ നാളിലും ഖദ്‌റിലും വിശ്വസിക്കുക.
ജിബ്രീല്‍(അ) വീണ്ടും ചോദിച്ചു; എന്താണ് ഇഹ്സാന്‍?
നബി(സ) പറഞ്ഞു; അല്ലാഹുവിനെ നീ കാണുന്നു എന്നത് പോലെ അവനെ നീ ഇബാദത്ത് ചെയ്യലാണ്. നീ അവനെ കാനുന്നില്ലെന്കിലും അവന്‍ നിന്നെ കാണുന്നുണ്ട്.
ജിബ്രീല്‍(അ) വീണ്ടും ചോദിച്ചു; എപ്പോളാണ് അന്ത്യ നാള്‍? നബി(സ) പറഞ്ഞു; അതിനെ കുറിച്ച് ചോദിച്ചവനെക്കാള്‍ ചോദിക്കപ്പെട്ടയാള്‍ക്ക് കൂടുതലായി അറിയില്ല.
ഇവിടെ എന്നെ ആശന്കപ്പെടുത്തിയ ഒന്നാമത്തെ കാര്യം, ഖുര്‍ആന്‍ പറഞ്ഞത് ദീന്‍ എന്നാല്‍ ഇസ്ലാം മാത്രമാണെന്നിരിക്കെ ജിബ്രീല്‍(അ) തന്റെ ചോദ്യത്തില്‍ ഈമാന്‍, ഇഹ്സാന്‍, അന്ത്യ നാള്‍ തുടങ്ങിയ കാര്യങ്ങള്‍ കൂടി ഉള്പെടുത്തിയിരിക്കുന്നു. ഏറെ ചിന്തിച്ചപ്പോളാണ്‌ എനിക്ക് മനസ്സിലായത്‌, ഈമാന്‍ ഇഹ്സാന്‍ എന്നിവ ഇസ്ലാമിന്റെ വിശദീകരണവും അങ്ങനെ ദീനിന്റെ തന്നെ ഭാഗവുമാണ് എന്ന്.
ഈ ഭാഗം അല്പം വിശദീകരിക്കേണ്ടിയിരിക്കുന്നു.
ഇസ്‌ലാം കാര്യങ്ങളില്‍ ഒന്നാമത്തേതായി നബി(സ) എണ്ണിയത് അല്ലാഹു അല്ലാതെ ഇലാഹില്ല എന്നും മുഹമ്മദ്‌(സ) അവന്റെ റസൂല്‍ ആണെന്നും സാക്ഷ്യം വഹിക്കുക എന്നതാണ്. സാക്ഷ്യം വഹിക്കുക എന്നാല്‍ മനസ്സില്‍ ഉറപ്പിച്ചു നാവു കൊണ്ട് വെളിവാക്കി പറയുക എന്നര്‍ത്ഥം.
സാക്ഷ്യം വഹിക്കുന്നതിന് രണ്ടു ഭാഗങ്ങളുണ്ട്;
൧- മനസ്സില്‍ ഉറപ്പിക്കുക
൨- നാവു കൊണ്ട് വെളിവാക്കി പറയുക.
ഇതില്‍ ഒന്നാമത്തെ ഭാഗം അഥവാ, മനസ്സില്‍ ഉറപ്പിക്കല്‍, അത് തന്നെയാണ് ഈമാന്‍ അഥവാ വിശ്വാസം. അതിനാല്‍ അതെങ്ങനെ വേണം എന്നതിന്റെ വിശദീകരണം തേടുകയായിരുന്നു ഈമാന്‍ എന്താണെന്ന ചോദ്യത്തിലൂടെ ജിബ്രീല്‍(അ).
അതിന്റെ വിശദീകരണമായി നബി(സ) പറഞ്ഞ മറുപടിയില്‍ ആറു കാര്യങ്ങളാണ് എണ്ണിയത്. അതില്‍ ഒന്നാമത്തേത് അല്ലാഹുവില്‍ വിശ്വസിക്കുക എന്നതാണ്. കാണാന്‍ കഴിയാത്ത അല്ലാഹുവില്‍ എങ്ങനെ വിശ്വസിക്കും എന്നത് പ്രസക്തമായ സംശയമാണ്. കണ്ണുകള്‍ക്ക്‌ കാണാന്‍ കഴിയാത്തവനാണ് അള്ളാഹു എന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാകിയിട്ടുള്ളതാണ്.
അതിനാലാണ് എന്താണ് ഇഹ്സാന്‍ എന്ന ജിബ്രീല്‍(അ)മിന്റെ ചോദ്യം പ്രസക്തമാവുന്നത്. വളരെ ലളിതമായിരുന്നു നബി(സ)യുടെ മറുപടി. അല്ലാഹുവിനെ കാണുന്നു എന്നത് പോലെ അല്ലാഹുവിനു ഇബാദത്ത് ചെയ്യുക. അതൊരു പ്രായോഗികമായ മാര്‍ഗമാണ്, തത്വമല്ല. ഇസ്ലാമിന്റെ ആശയങ്ങള്‍ ഒന്നും ഒരിക്കലും കേവല തത്വങ്ങള്‍ അല്ലല്ലോ..
ചിന്തിച്ചപ്പോള്‍ എനിക്ക് മനസ്സിലായി; ഇസ്ലാമിന്റെ അടിത്തറ കിടക്കുന്നത് ഈമാനിലാണ്. ഈമാനിന്റെ അടിത്തറയാവട്ടെ ഇഹ്സാനിലും സ്ഥിതി ചെയ്യുന്നു. അതിനാല്‍ ഇഹ്സാന്‍ ഇല്ലാതെ ഈമാന്‍ ശരിയാവില്ല. ഈമാന്‍ ശരിയാവാതെ ഒരുത്തന്റെ നിസ്കാരവും നോമ്പും ഒന്നും അള്ളാഹു സ്വീകരിക്കുകയുമില്ല. എന്നാല്‍, ഇഹ്സാന്‍ എന്നാല്‍ എന്താണെന്ന് പോലും മുസ്‌ലിം ലോകത്ത് ഭൂരിപക്ഷം പേര്‍ക്കും അറിയില്ല എന്നത് എത്രമാത്രം വേദനാജനകമല്ല?!..
ഇഹ്സാന്‍ വിശദീകരിക്കുന്ന ഈ ഹദീസ്‌ ഞാന്‍ ആദ്യമായി പഠിക്കുന്നത് ഇമാം നവവി(റ)യുടെ രിയലുസ്സാലിഹീനിലാണ്. മുറാഖബ എന്ന അധ്യായത്തിലാണ് ഇമാം നവവി(റ) ഈ ഹദീസിനെ ഉദ്ധരിക്കുന്നത്. അതില്‍ നിന്ന് തന്നെ എനിക്ക് മനസ്സിലായി ഇഹ്സാന്‍ എന്നാല്‍ മുറാഖബയാണെന്ന്.
എന്നാല്‍ എന്താണ് മുറാഖബ? മുറാഖബ എന്നാല്‍ നിരീക്ഷിക്കലാണെന്നു എന്നെ പഠിപ്പിച്ചവര്‍ ഡിക്ഷ്നറികള്‍ നോക്കി പറഞ്ഞു തന്നു. ആ മറുപടി എന്‍റെ മനസ്സിനെ ശാന്തമാക്കിയില്ല. കാരണം, അതൊരു സിദ്ധാന്തം മാത്രമായിരുന്നു. വളരെ പ്രായോഗിക മതമായ ഇസ്ലാമില്‍ തീര്‍ത്തും അപ്രായോഗികമായ, യുക്തിസഹമല്ലാത്ത ഇത്തരം വ്യാഖ്യാനങ്ങള്‍ ആരെ തൃപ്തിപ്പെടുതാനാണ്? അതോ, വിവരക്കേടിന്റെയും ചിന്താശീലമില്ലാത്തതിന്റെയും ഫലമോ?
മുറാഖബ എന്നാല്‍ എന്താണെന്ന് അറിയാതെ, അതിലൂടെ അല്ലാഹുവിനെ കാണുന്നത് പോലെ എന്ന അവസ്ഥ പ്രാപിക്കാതെ ഞാനൊരു യഥാര്‍ത്ഥ മുസ്‌ലിം അല്ല എന്ന തിരിച്ച്ചറിവ് എന്നെ അസ്വസ്ഥനാക്കി.
ഒരുപാടു അന്വഷിച്ച് നടന്നതിനു ഒടുവിലാണ് എന്‍റെ ഗുരു ഹസ്രത്ത്‌ മുഹമ്മദ്‌ കുഞ്ഞി ബാവ ഉസ്താദിന്റെ കൈകളില്‍ ഞാനെത്തിപ്പെട്ടത്. അവിടന്നു എന്നെ എന്‍റെ മുര്ഷിദ്‌ ഹസ്രത്ത്‌ ഷെയ്ഖ്‌ യുസുഫ്‌ സുല്‍ത്താന്‍ ശാഹ് ഖാദിരി അവര്‍കളുടെ അടുത്തേക്ക്‌ വഴി നടത്തി.
അവിടുന്നു മുറാഖബ എന്താണെന്ന് എനിക്ക് മനസ്സിലാക്കി തന്നപ്പോള്‍ ഞാന്‍ അറിഞ്ഞു; നബി(സ)യും സഹാബത്തും നടക്കുന്ന വഴിയേ നടക്കുന്നവര്‍ ആരെന്ന്. ദീനിന്റെ അടിത്തറയായ ഇഹ്സാന്‍ അഥവാ, മുറാഖബ എന്താണെന്നു പോലും അറിയാത്തവന് എങ്ങനെ പറയാനാകും താന്‍ നബി(സ)യുടെയും സഹാബത്തിന്റെയും വഴിയിലാണെന്ന്? അള്ളാഹു പറഞ്ഞത് തന്നെ ശരി; അവന്‍ നരകത്തെ മനുഷ്യ ഭൂത വര്‍ഗങ്ങളെ കൊണ്ട് നിറയ്ക്കുക തന്നെ ചെയ്യും. അവനിലേക്കുള്ള വഴിയില്‍ സഞ്ചരിക്കുന്നവര്‍, അല്ലാഹുവിനെയും റസൂലിനെയും അംഗീകരിച്ച് അവരുടെ വഴിയേ നടക്കുന്നവര്‍ അത്രയ്ക്ക് കുറവാണല്ലോ.
എന്‍റെ പ്രിയ സുഹൃത്തേ,
നിങ്ങളോടും എനിക്ക് ഇത്രയേ ചോദിക്കുവാനുള്ളു‌; ദീനിന്റെ അടിത്തറയാവുന്ന ഇഹ്സാനിലേക്ക്, മുറാഖബയിലേക്ക് വരാന്‍ നിങ്ങള്‍ ഇനിയും വൈകുന്നതെന്തേ? ഖുര്‍ആനും ഹദീസും സത്യമാണെന്ന്‌ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? എന്നിട്ടും അല്ലാഹുവിന്റെ വഴിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ നിങ്ങളെ തടഞ്ഞു നിര്‍ത്തുന്നത് ഇബ്ലീസ്‌ അല്ലെങ്കില്‍ പിന്നെ ആരാണ്?




സ്നേഹപൂര്‍വം,


മുഹമ്മദ് ഷാഫി

3 comments:

Unknown said...

hai..shafi...it is a good attempt from your part to introduce what islam really represents...thanks...may allah bless you..

navaf.v425@gmail.com said...

Hi shafi , enikkariyilla enthaanu murakhabayennu , enthaanu murakhaba ...........

Muhammed Rafeek , jquery, ajax, Mobile web,RHC-Engineer said...

dear
www.vettamonline.com yenna online magazinende develepper aanu njaan , magazinil SOOFI JALAKAM yenna oru vibaakam und http://vettamonline.com/?cat=17 thagalkku kazhiyukayaanegil vettamonline sandharshikkukayum, nalla leganagal ayachu tharikayum cheyyanam.
" Pranayamaakunna Rabbilekku naam thirakalaay aanjadikkumbol , ullil kothiyode theerathu nilkkunna oraayiram kunju thirakale koode cherkkan" thagalude ee ezhuthukalkku sadikkatte.
assalamu alikum
Muhammed Rafeek (Quadiri)
hmrsqt@gmail.com