നമ്മള് മുസ്ലിംകള് ധാരാളമായി കേള്‍ക്കാറുള്ള ചില പദപ്രയോഗങ്ങളുണ്ട്, ഇസ്ലാം, ഈമാന്‍, ഇഹ്സാന്‍ എന്നിവ അതില്‍ ചിലതാണ്. ഇസ്ലാമും ഈമാനും എന്താണെന്ന് ചെറുപ്പം മുതല്ക്കേ മദ്രസ്സകളില്‍ നിന്നും മറ്റും നാം പഠിച്ചിട്ടുണ്ട്. എന്നാല്‍, എന്താണ് ഇഹ്സാന്‍ എന്നതിനെക്കുറിച്ച് നമുക്കിടയില്‍ വ്യക്തമായ ധാരണയില്ല. പലര്‍ക്കും അതിന്റെ ആവശ്യകതയെക്കുറിച്ചോ പ്രസക്തിയെക്കുറിച്ചോ അറിയില്ല. അതിനാല്‍ തന്നെ അതേക്കുറിച്ച് വിശദമായി ചര്ച്ചചെയ്യേണ്ടതുണ്ടെന്നു തോന്നുന്നു.
എന്താണ് ഇഹ്സാന്‍?
ഇഹ്സാന്‍ എന്നാല്‍ നന്മ പ്രവര്‍ത്തിക്കല്‍ എന്നാണ് ഭാഷാര്‍ത്ഥം. എന്നാല്‍, ഇസ്ലാമില്‍ ഇഹ്സാന്‍ എന്നതിന് ഇതിനപ്പുറം പ്രത്യേകമായ അര്‍ത്ഥതലമാണ് ഉള്ളത്. ഇസ്ലാം ദീനിനെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നതിനു വേണ്ടി ജിബ്രീല്‍(അ) മനുഷ്യരൂപമെടുത്ത് ഒരിക്കല്‍ നബി(സ)യുടെ അടുത്തുവന്നു. അന്ന് ജിബ്രീല്‍(അ) നബി(സ)യോട് ഇതേ ചോദ്യം ചോദിക്കുകയുണ്ടായി, എന്താണ് ഇഹ്സാന്‍ എന്ന്. നബി(സ) അതിനുള്ള മറുപടിയും നല്കി: “അല്ലാഹുവിനെ കാണുന്നു എന്നതു പോലെ അവന് ഇബാദത്തു ചെയ്യലാണ് ഇഹ്സാന്‍. അല്ലാഹുവിനെ നീ കാണുന്നില്ലെങ്കിലും അവന് നിന്നെ കാണുന്നുണ്ട്” (ബുഖാരി, മുസ്ലിം). വളരെ വ്യക്തമാണ് ഈ മറുപടി.
ഇഹ്സാന്‍ ചെയ്യുന്നവര്‍ക്ക് (മുഹ്സിനീങ്ങള്‍ക്ക്) വളരെ വലിയ വാഗ്ദാനങ്ങളാണ് അല്ലാഹു നല്‍കിയിട്ടുള്ളത്. മുഹ്സിനീങ്ങളെ അല്ലാഹു സ്നേഹിക്കുന്നുവെന്ന് ഖുര്‍ആനില്‍ പല ഭാഗങ്ങളിലായി അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. (അല്‍ ബഖറ–195, ആലു ഇംറാന്‍-134,148, അല്‍ മാഇദ-13,93). അല്ലാഹു നിലകൊള്ളുന്നത് തന്നെ മുഹ്സിനീങ്ങളുടെ കൂടെയാണ് (നഹ് ല്‍-128, അന്‍കബൂത്-69). ഒരു തരത്തിലുള്ള ഭയവും ദുഃഖവും അവര്‍ക്കുണ്ടാവില്ല (അല്‍ ബഖറ-112).
ഇഹ്സാനോടെ അല്ലാഹുവിലേക്ക് മുഖം തിരിച്ചുവെച്ച് ഇബ്രാഹീം നബി(അ)മിന്റെ മില്ലത്തിനെ ഒരാള്‍ പിന്തുടര്ന്നാല് അവനെക്കാള്‍ നല്ല മുസ്ലിം വേറെയില്ല (അന്നിസാഅ്-125). അല്ലാഹുവിന്റെ റഹ്മത്ത് അവരോടെപ്പമുണ്ട് (അഅ്റാഫ്- 56). അവരുടെ കര്‍മ്മങ്ങളൊന്നും ഒരിക്കലും നിഷ്ഫലമാവുകയില്ല (തൌബ-120, യൂസുഫ്-56,90). അവര്‍ അല്ലാഹുവില്‍ നിന്ന് എന്ത് ആഗ്രഹിക്കുന്നുവോ, അതവര്‍ക്ക് പ്രതിഫലമായി ലഭിക്കും (സുമര്‍ – 34). അവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്നുള്ള സന്തോഷവാര്‍ത്തയുണ്ട് (അല്‍ ഹജ്ജ്-37). ഖുര്‍ആന്‍ അവതരിച്ചതു തന്നെ അവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കാനായിട്ടാണ് (അഹ്ഖാഫ്-12).
എല്ലാത്തിനുമപ്പുറം, “ഇഹ്സാന്റെ പ്രതിഫലം ഇഹസാനല്ലാതെ മറ്റെന്താണ്” (അല്റഹാമാന് – 60). വീണ്ടും അല്ലാഹു പറയുന്നു: “മുഹ്സിനീങ്ങള്‍ക്ക് പ്രതിഫലമായി ഇഹ്സാനും അതിലധികവുമുണ്ടാവും. അവരുടെ മുഖങ്ങളെ ക്ഷീണമോ നിന്ദ്യതയോ ബാധിക്കുകയില്ല” (യൂനുസ്-26). ഇവിടെ ‘അതിലധികം’ എന്നതു കൊണ്ട് അല്ലാഹുവിന്റെ ദര്‍ശനം ഉണ്ടാവും എന്നാണ് ഉദ്ദേശിക്കപ്പെടുന്നതെന്ന് സഹീഹ് മുസ്ലിമില് കാണാം. ദുനിയാവില് വെച്ച് അല്ലാഹുവിനെ കാണുന്നതു പോലെ ഇബാദത്തു ചെയ്ത അവര്‍ക്ക് പരലോകത്ത് അല്ലാഹുവിനെ നേരിട്ടു കാണാമെന്നതില്‍ യാതൊരു സന്ദേഹവുമില്ല. നബി(സ) പറഞ്ഞു: “നിങ്ങള്‍ പൂര്‍ണ്ണ ചന്ദ്രനെ കാണുന്നതു പോലെ നാളെ നിങ്ങളുടെ നാഥനെ കാണും” (മുസ്ലിം). അല്ലാഹു പറഞ്ഞു: “ചില മുഖങ്ങള്‍ അന്ന് പ്രകാശിക്കുന്നതായിരിക്കും, അവയുടെ നാഥനിലേക്ക് നോക്കിക്കൊണ്ട്.” (അല്‍ ഖിയാമ- 22,23). എന്നാല്‍, ഇഹ്സാനെന്തെന്ന് അറിയാത്തവര്‍ക്ക്, ഇഹസാനില്ലാതെ അല്ലാഹുവിനെ ഇബാദത്തു ചെയ്യുന്നവര്‍ക്ക് ആ ഭാഗ്യം ലഭിക്കുമെന്ന ചിന്ത വെറുതെയാണ്. അല്ലാഹു പറഞ്ഞു: “നിശ്ചയം, അന്നേ ദിവസമവര്‍ അവരുടെ റബ്ബിനെത്തൊട്ട് മറയിടപ്പെട്ടവരായിരിക്കും” (മുഥഫ്ഫിഫീന്‍ – 15).
ചുരുക്കത്തില്‍, ഇഹ്സാന്‍ എന്നത് ഇസ്ലാമിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ്. മുസ്ലിം സമൂഹം ഇന്ന് അതേക്കുറിച്ച് അജ്ഞരാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അതു മൂടിവെച്ച പണ്ഡിതന്മാര്ക്കാണ്. എല്ലാവര്ക്കും ഇഹ്സാന്‍ നിര്‍ബന്ധമാണെന്ന് നബി(സ) വളരെ വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്: “നിശ്ചയം അല്ലാഹു ഇഹ്സാനെ എല്ലാത്തിനുമേലും എഴുതിവെച്ചിരിക്കുന്നു” (നിര്‍ബന്ധമാക്കിയിരിക്കുന്നു)– (സഹീഹ് മുസ്ലിം).
ഇസ്ലാമില്‍ ഇഹ്സാന്‍ എന്നാല്‍ കേവലം നന്മകള് പ്രവര്‍ത്തിക്കലല്ല. മറിച്ച്, നന്മകള് പ്രവര്‍ത്തിക്കുന്പോള്‍ അല്ലാഹുവിനെ കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണത്. ഇസ്ലാമും ഈമാനും ദീനിന്റെ അടിസ്ഥാനങ്ങളായതു പോലെ ഇഹ്സാനും ദീനിന്റെ അടിത്തറയാണ്. ഇഹ്സാന്‍ ഇല്ലാതെ ഒരാളുടെയും ദീന് പൂര്‍ണ്ണമാവുകയില്ല.
അല്ലാഹുവിനെ കാണുന്നതു പോലെ ഇബാദത്തു ചെയ്യുക എന്നു പറയുന്പോള്‍, രൂപങ്ങള്ക്കതീതനായ അല്ലാഹുവിനെ എങ്ങനെ സങ്കല്പിക്കാനാവും എന്ന ചോദ്യമുയരും. നാം മനസ്സില്‍ സങ്കല്പിച്ചുണ്ടാക്കുന്ന എല്ലാ രൂപങ്ങളെ തൊട്ടും പരിശുദ്ധനാണ് അല്ലാഹു. അതിനാല്‍ തന്നെ ഒരു വിധത്തിലും അവനെ സങ്കല്പിക്കുക സാധ്യമല്ല. പിന്നെങ്ങനെ, അവനെ കാണുന്നതു പോലെ ഇബാദത്തു ചെയ്യും എന്ന ഈ ചോദ്യം പ്രസക്തമാണ്.
ഇസ്ലാം വെറും വിശ്വാസങ്ങളുടെയും സങ്കല്പങ്ങളുടെയും മതമല്ല. ഇസ്ലാമിന്റെ ദര്‍ശനങ്ങളോരോന്നും പ്രസക്തവും പ്രായോഗികവുമാണ്. അതിനാല്‍ത്തന്നെ ഇഹ്സാനും പ്രായോഗികമായ കര്‍മ്മമുണ്ട്. അതിന്റെ കര്‍മ്മം ഇവിടെ വിശദീകരിക്കാന്‍ നമുക്ക് അധികാരമില്ല. അല്ലാഹുവിന്റെ അനുവാദം ലഭിച്ച, അല്ലാഹുവിലേക്ക് പ്രബോധനം നടത്തുന്ന ചിലയാളുകള്‍ എല്ലാ കാലാത്തുമുണ്ടാവും. അവര്‍ക്കേ ഇഹ്സാന്‍ വിശദീകരിക്കാനും അതിന്റെ പ്രായോഗികമായ മാര്‍ഗ്ഗത്തിലേക്ക് ജനങ്ങളെ നയിക്കാനുമുള്ള അധികാരമുള്ളൂ.
വിമര്‍ശനങ്ങളുടെ കൂരന്പുകളെ പുഞ്ചിരിയോടെ വിരിമാറിലേറ്റുവാങ്ങി അവര്‍ നമുക്കിടയിലും ജീവിച്ചിരിപ്പുണ്ട്, തീര്‍ച്ച. നബി(സ) പറഞ്ഞു: “എന്റെ സമുദായത്തില്‍ നിന്നൊരു വിഭാം എന്നും സത്യത്തിനുമേല്‍ വിജയത്തോടെ നിലകൊള്ളും. നിന്ദിക്കുന്നവരുടെയും വിമര്‍ശിക്കുന്നവരുടെയും ഉപദ്രവങ്ങള്‍ അവര്ക്കേശുകയില്ല” (ബുഖാരി, മുസ്ലിം). തൌഹീദിന്റെ ദൌത്യം അല്ലാഹുവിന്റെ അനുമതിയോടെ പ്രബോധനം ചെയ്യുന്ന, അതിനു വേണ്ടി ജീവന് കൊടുക്കാനും തയ്യാറുള്ള, ബനൂ ഇസ്രാഈലിലെ പ്രവാചകര്‍ക്കു തുല്യരെന്നു നബി(സ) തന്നെ വിശേഷിപ്പിച്ചിട്ടുള്ള, പ്രവാചകത്വത്തിന്റെ അനന്തരാവകാശികളായ ഇവരെ കണ്ടെത്തി പിന്തുടരുക എന്നതു മാത്രമാണ് നമുക്ക് രക്ഷപ്പെടാനുള്ള ഏക മാര്‍ഗ്ഗം.
അല്ലാഹു പറയുന്നു: “മുഹാജിറുകളില് നിന്നും അന്സാറുകളില് നിന്നുമായി ദീനിലേക്ക് ആദ്യം വന്നവരും ഇഹ്സാനോടെ അവരെ പിന്തുടര്ന്നവരും. അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു, അവര്‍ അല്ലാഹുവിനെയും. അവര്‍ക്കായി അവന് താഴ്വാരങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗ്ഗങ്ങള്‍ ഒരുക്കിയിരിക്കുന്നു. അതിലവര്‍ ശാശ്വതരായിരിക്കും. അതാണ് മഹത്തായ വിജയം” (സൂറതുത്തൌബ-100).
അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.
1 comment:
നല്ല ഉദ്യമം. അല്ലാഹു പ്രതിഫലം നല്കട്ടെ.
താങ്കളുടെ വിശദീകരണങ്ങളില്‍ പലയിടങ്ങളിലായി പ്രവാചകത്വത്തിന്റെ അനന്തരാവകാശികള്‍ എന്ന് പറഞ്ഞിരിക്കുന്നത് കണ്ടു. ആരാണ് ഈ അനന്തരാവകാശികള്‍. പ്രവാചകത്വത്തിന്റെ അനന്തരാവകാശം എന്താണ് എന്നെല്ലാം ദയവു ചെയ്ത് വിശദീകരിച്ചു തരണം.
Post a Comment