Monday, November 15, 2010

ബലി പെരുന്നാള്- പരിത്യാഗത്തിന്റെ സന്ദേശം

വീണ്ടുമൊരു ബലി പെരുന്നാള് നമ്മിലേക്ക് കടന്നു വരുന്നു. നാമെല്ലാം ആഘോഷത്തിമര്പ്പില് മതിമറന്നാടുന്പോള്, ബലി പെരുന്നാള് ആഘോഷിക്കുന്പോള്, അത് കേവലമൊരു ആഘോഷമല്ലെന്നും ആഘോഷത്തിന്റെ പിന്നിലെ രഹസ്യമെന്തെന്നുമുള്ള കാര്യങ്ങളെ കുറിച്ച് നാം പലപ്പോഴും ചിന്തിക്കാറില്ല. കാരണവുമുണ്ട്, കൂടുതല് ചിന്തിക്കുന്പോള് ബോധ്യപ്പെടുന്ന പല യാഥാര്ഥ്യങ്ങളും പലര്ക്കും അത്ര രുചിക്കുന്നതായിക്കൊള്ളണമെന്നില്ല. എന്നാലും ചില കാര്യങ്ങള് പറയാതെ പോയാല് എനിക്കെന്റെ നാഥനോട് സമാധാനം പറയാന് കഴിയാതെ വരും.


എന്താണ് ബലി പെരുന്നാള്?. ഇസ്ലാമില് ഈദ് അഥവാ പെരുന്നാള് എന്നാല് എന്താണ്?. ഓരോ ഈദും ഓരോ സത്യവിശ്വാസിയോടും വിളിച്ചു പറയുന്നതെന്താണ്?. ഇതെല്ലാമറിയാതെ വെറും പടക്കങ്ങള് പൊട്ടിച്ചും സദ്യയുണ്ടും ആഘോഷിച്ചു തീര്ക്കുകയാണ് നാം നമ്മുടെ ഈ സുദിനത്തെയെങ്കില് നമുക്ക് നഷ്ടപ്പെടുന്നത് ചെറിയ കാര്യങ്ങളായിരിക്കുകയില്ല.

ഇസ്ലാമിലെ ഈദ്, സത്യവിശ്വാസികളുടെ ആഘോഷമാണ്. അല്ലാഹുവിലേക്കു മടങ്ങാനാഗ്രഹിക്കുന്ന, അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്ന സത്യവിശ്വാസികള്, അല്ലാഹുവിലേക്കുള്ള അടുപ്പത്തിന്റെ അനര്ഘനിമിഷങ്ങളെ ആഘോഷിക്കുന്നതിനെയാണ് ഈദ് എന്നു പറയുന്നത്. മടങ്ങി എന്നര്ത്ഥം വരുന്ന ആദ എന്ന അറബി പദത്തില് നിന്നാണ് ഈദ് എന്ന വാക്കിന്റെ നിഷ്പത്തി. അഥവാ, മടങ്ങിച്ചേരുന്നതിന്റെ ആനന്ദം- അതാണ് ഈദ്. ഓരോ സത്യവിശ്വാസിയും അല്ലാഹുവിലേക്ക് മടങ്ങിച്ചേരുന്ന ആ നിമിഷങ്ങളെയാണ് ഈദിലൂടെ നാം ആഘോഷിക്കുന്നത്.

ഈദുല് ഫിത്റിനെക്കുറിച്ച് ചിന്തിച്ചാല് ഇക്കാര്യം വളരെ വ്യക്തമായി മനസ്സിലാക്കാനാവും. നോന്പുകാരന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത് അവനെ കാണാനുള്ള അവസരമാണ്. നബി(സ) പറഞ്ഞു, നോന്പുകാരന് രണ്ടു സന്തോഷമാണുള്ളത്. നോന്പു തുറക്കുന്പോളും അല്ലാഹുവിനെ കാണുന്പോളും. നോന്പു തുറക്കുന്പോഴുള്ള ആനന്ദത്തിന്റെ എത്രയോ ഇരട്ടിയാണ് അല്ലാഹുവിനെ കാണുന്പോഴുള്ള ആനന്ദം. അതാണ് ഓരോ സത്യവിശ്വാസിയുടെയും ജിവിതത്തിന്റെ ലക്ഷ്യം. അതാണ് ഈദുല് ഫിത്റ് പ്രതിനിധാനം ചെയ്യുന്നതെങ്കില് ഈദുല് അള്ഹ അതിനെക്കാള് വലിയൊരു ത്യാഗത്തിന്റെ സ്മരണകളാണ് നമുക്കു മുന്നില് അനാവരണം ചെയ്യുന്നത്.

അല്ലാഹുവിനോടുള്ള സ്നേഹമായിരിക്കണം ഒരു സത്യവിശ്വാസിയുടെ ജിവിതയാത്രയിലെ പഥേയം. അല്ലാഹുവിനോടുള്ള സ്നേഹത്തെക്കാള് വലുതായി ഒന്നും ഉണ്ടായിക്കൂടാ. സ്വന്തം മക്കളെയോ മാതാപിതാക്കളെയോ ബിസിനസ്സിനെയോ, ഒന്നിനെയും അല്ലാഹുവിനെക്കാള് കൂടുതലായി സ്നേഹിക്കുവാന് പാടില്ല. ഇക്കാര്യത്തില് അല്ലാഹു ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ചെയ്യുന്നില്ല. അല്ലാഹു പറയുന്നു, “നിങ്ങള്ക്ക് അല്ലാഹുവിനെക്കാളും അവന്റെ റസൂലിനെക്കാളും അവന്റെ മാര്ഗ്ഗത്തില് ജിഹാദ് ചെയ്യുന്നതിനെക്കാളും പ്രിയം നിങ്ങളുടെ മാതാപിതാക്കളോടോ, മക്കളോടോ, സഹോദരങ്ങളോടോ, ഭാര്യമാരോടോ, കുടുംബങ്ങളോടോ, നിങ്ങള് അധ്വാനിച്ചുണ്ടാക്കിയ ധനത്തോടോ, നഷ്ടം ഭയക്കുന്ന കച്ചവടമോ, നിങ്ങളിഷ്ടപ്പെടുന്ന നിങ്ങളുടെ വീടോ ആണെങ്കില് നിങ്ങള് കാത്തിരുന്നു കൊള്ളുക. അല്ലാഹു അവന്റെ വിധിയുമായി വരുന്നതു വരെ. അല്ലാഹു തെമ്മാടികളുടെ സമൂഹത്തെ ഒരിക്കലും നേര്മാര്ഗ്ഗത്തിലേക്ക് നയിക്കുകയില്ല” (അത്തൌബ – 24).

അല്ലാഹുവിനെക്കാള് മറ്റൊന്നിനെയും സ്നേഹിക്കാന് ഒരു മുസ്ലിമിനും കഴിയുകയില്ല, അങ്ങനെ സ്നേഹിക്കല് അനുവദനീയവുമല്ല. എന്നാല്, അല്ലാഹുവിന്റെ ഖലീല് എന്ന സ്ഥാനം കൊണ്ട് ആദരിക്കപ്പെട്ട ഇബ്രാഹിം നബി(അ)മിന് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച ഇസ്മാഈല്(അ)മിനോട് സ്നേഹം അല്പം കൂടുതലായിപ്പോയോ എന്നൊരു സംശയം. അതിനാല്, ഇബ്രാഹീം നബി(അ)മിനെ ഒന്നു പരീക്ഷിക്കുവാന് തന്നെ അല്ലാഹു തീരുമാനിച്ചു. അങ്ങനെയാണ് ഇസ്മാഈല്(അ)മിനെ അറുക്കുവാനുള്ള കല്പനയുണ്ടായത്.

എന്നാല്, അല്ലാഹുവിന്റെ ഖലീലായ ഇബ്രാഹീം നബ(അ)മിന് അല്ലാഹുവിനെക്കാള് വലുതായി ഒന്നുമില്ലായിരുന്നു. ഇസ്മാഈല്(അ) എന്ന സ്വന്തം മകനോട് സ്നേഹവും വാത്സല്യവുമുണ്ട്, എന്നാല്, അല്ലാഹുവോടുള്ള സ്നേഹത്തേക്കാള് വലുതായിരുന്നില്ല അത്. അതിനാല് തന്നെ അവിടുന്ന് അല്ലാഹുവിന്റെ കല്പനയുണ്ടായ ഉടനെത്തന്നെ മകനെയും കൂട്ടി കത്തിയുമെടുത്ത് മലമുകളിലേക്ക് പോയി. അല്ലാഹുവിനോടുള്ള സ്നേഹത്തെക്കാള് വലുതായി തനിക്കൊന്നുമില്ലെന്ന് അങ്ങനെ ഇബ്രാഹീം നബി(അ) തെളിയിച്ചു. അപ്പോള്, അല്ലാഹുവിന്റെ കല്പനയുണ്ടായി, മരുഭൂമിയില് ഭാര്യയെയും മകനെയും തനിച്ചാക്കി ദീനീ പ്രബോധനത്തിനു പോകാന്. ഭാര്യക്കും മകനും തിന്നാനും കുടിക്കാനും വല്ലതും കിട്ടുമോ എന്ന ചോദ്യത്തിനൊന്നും അവിടെ പ്രസക്തിയില്ല. അല്ലാഹുവിന്റെ കല്പന. അതിനെ അനുസരിക്കുന്നു. അവനോടുള്ള പ്രേമത്തിനു മുന്നില് ഭാര്യയും മക്കളുമൊന്നും തടസ്സമാവുന്നില്ല. ഇബ്രാഹിം(അ) അവരെ മരുഭൂമിയില് ഉപേക്ഷിച്ച് അല്ലാഹു നിര്ദ്ദേശിച്ച വഴിയില് യാത്രയായി.

ഈ ഓര്മ്മകളെ തട്ടിയുണര്ത്തി വീണ്ടുമൊരു ബലി പെരുന്നാള് നമ്മിലേക്ക് കടന്നുവരുന്പോള് നമ്മള് ചിന്തിക്കേണ്ടത് നമ്മുടെ അവസ്ഥയെക്കുറിച്ചാണ്. അല്ലാഹുവിനെക്കാള് കൂടുതലായി നിങ്ങള് എന്തിനെയെല്ലാം സ്നേഹിക്കുന്നു?... നിങ്ങളുടെ ഭാര്യയെ?... നിങ്ങളുടെ മക്കളെ?... നിങ്ങളുടെ ഉമ്മയെ?... നിങ്ങളുടെ ഉപ്പയെ?... നിങ്ങളുടെ ജോലിയെ?... നിങ്ങളുടെ കച്ചവടത്തെ?... എങ്കില് കാത്തിരിക്കുക, അല്ലാഹുവിന്റെ വിധി വരുന്നതു വരെ...

1 comment:

Anonymous said...

كل عام و انم بخير
عيد مبارك